Wednesday, October 16, 2013

Patyapadhathi

പാഠ്യപദ്ധതി മുഹമ്മദ് ഇഖ്ബാല്‍


ചില നാളുകളില് അര്‍ധ്ദ രാത്രിക്ക് ശേഷവും ഉറക്കം പിണങ്ങി നില്‍ക്കുന്ന യാമങ്ങളില്‍ സമകാലീകവും, അല്ലാത്തതുമായ,പ്രസക്തവും,അപ്രസക്തവുമായ അനേകമനേകം വിഷയങ്ങളെക്കുറിച്ച് മനസ്സ് ഘോരഘോരം പ്രസംഗിച്ചുകൊണ്ടിരിക്കും.
പക്ഷെ അരങ്ങുകളിലും, സദസ്സുകളിലും ഈ വിഷയങ്ങളെക്കുറിച്ച് തന്നെ എന്തെങ്കിലും മൊഴിയേണ്ടി വരുമ്പോള്‍ വാക്കുകള്‍ക്ക് അതിഭയങ്കരമായ constipation അനുഭവപ്പെടുന്നു.
Behaviourist പാഠ്യപദ്ധതിയിലെ ഉപകരണങ്ങളായിരിക്കുമോ എന്റെ ഭാവനകളുടെ ചിറകുകള്‍ എന്നന്നേക്കും അരി‌ഞ്ഞുകളഞ്ഞ് മനസ്സിനുള്ളിലെ ഇരുണ്ട തടവറകളില്‍ തള്ളിയത്.
ഒരു കഥാക‌്ൃത്തിന്റെയൊ, ഗായകന്റെയൊ, ചിത്രകാരന്റെയൊ ഒക്കെ ശവപ്പറമ്പാണൊ എന്റെ മനസ്സ്.
അകാലത്തില്‍ മരിച്ചുപോയ ഇവയുടെ പ്രേതങ്ങളായിരിക്കുമൊ ഉറക്കം കെട്ടുപോകുന്ന രാവുകളില്‍ എന്റെയുള്ളില്‍ യക്ഷന‌ൃത്തം ചെയ്യുന്നത്.
ഒസാമ ബിന്‍ ലാദനെ അമേരിക്ക സ‌ൃഷ്ഠിക്കുന്നതിന് വളരെ മുമ്പ്തന്നെ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്ന രണ്ട് കൊടും ഭീകരന്മാരായിരുന്നു കണക്കും, വ്യാകരണവും.
'o' നെഗററീവ് രക്ത ഗ്രൂപ്പ് പോലെ വളരെ വിരളമായെ ഞങ്ങള്‍ക്കിടയില്‍ mathematical intelligence കണ്ടിരുന്നുള്ളു.
സൂത്രവാക്യങ്ങളും, വ്യാകരണനിയമങ്ങളും അന്നും,ഇന്നും കീറാമുട്ടികളായി തുടരുന്നു.
constructivist പഠന വ്യവസ്ഥയില്‍ പഠനം തുടരാന്‍ ഇനിയുമൊരു പുനര്‍ജന്മം സാധ്യമല്ലല്ലൊ എന്ന അറിവ് വേദനിപ്പിക്കുന്നതാണ്.
പക്ഷെ, പാഠ്യപദ്ധതി എന്ത് തന്നെയായാലും നമുക്കിടയില്‍ ആര്യഭട്ടനും, വ്യാസനും, വാല്‍മീകിയും, അബ്ദുല്‍കലാമുമാരും, യേശുദാസും, റഫിയും, ബഷീറുമൊക്കെയുണ്ട്.ബാല്യത്തില്‍ ആരും മൂല്യനിര്‍ണ്ണയം നടത്താനില്ലാതിരുന്നിട്ടുകൂടി.
ഒന്നാം തരം തൊട്ട് കൊച്ചു പരീക്ഷാഭൂതങ്ങള്‍ എല്ലാ വര്‍ഷാവസാനവും എത്താറുണ്ടായിരുന്നുവെങ്കിലും, ആദ്യത്തെ പൊതുപരീക്ഷ ഞങ്ങളുടെ മുന്നില്‍ ഇഫ്രീത്തായി പൊന്തിവന്നത് പത്താം തരം കഴിഞ്ഞപ്പോളാണ്.
പരീക്ഷാകുഞ്ഞുങ്ങള്‍ നേരത്തെവന്നത് സാറന്മാരുടെ കയ്യക്ഷരരൂപത്തിലാണെങ്കില്‍, ഇതിപ്പോള്‍ പാഠപുസ്തകം അച്ചടിച്ച അതേ അക്ഷരങ്ങളാണ്.
ഇംഗ്ലീഷ്, മലയാളം പരീക്ഷാ ദിവസങ്ങളില്‍ വ്യാകരണഭാഗം ഇഫ്രീത്തിന്റെ പല്ലുകളായി തിളങ്ങി.അത്പോലെ വഴിക്കണക്ക് ചെയ്യാനുള്ള വഴികള്‍ ഒരിക്കലും എളുപ്പമായിരുന്നില്ല. SSLC പരീക്ഷ കഴിഞ്ഞ് ഫലപ്രഖ്യാപനം അടുത്തുവരുന്ന നാളുകള്‍ ഭീകരങ്ങളായിരുന്നു. D-dayയെക്കുറിച്ചു് പറയാതിരിക്കുന്നതാവും ഭേദം. തോററുപോകുമെന്നുറപ്പാണ്. ജയിച്ചിരുന്നെങ്കില്‍ എന്ന് അതിയായ മോഹവും.
പ്രീഡിഗ്രിയിലെ മീഡിയം ഇംഗ്ലീഷ് ആയതോടെ ഫിസിക്സും, കെമിസ്ട്രിയുമൊക്കെ അകന്നകന്ന് പോയി. തിയറി ക്ലാസ്സുകളിലും, ലാബുകളിലും എന്താണ് സംഭവിച്ചുകൊണ്ടിരുന്നത്. മിടുക്കന്മാരുടെ റെക്കോഡ് സംഘടിപ്പിച്ച് പകര്‍ത്തി സാറന്മാരുടെ മുന്നിലെത്തിച്ചു. നമുക്കിടയില്‍ കള്ളനോട്ടുകാരും, വ്യാജവാററുകാരും, പോക്കററടിക്കാരുമുണ്ടാകുന്നത് വെറുതെയല്ല. പരീക്ഷകള്‍ ജയിക്കാന്‍ കാട്ടിക്കൂട്ടുന്ന തട്ടിപ്പുകളുടെ പ്രായോഗിക തലങ്ങളാവാം ഈ സാമൂഹ്യ തിന്മകള്‍.
B.Scയിലും കാര്യമായ പഠനമൊ ഉള്‍കാഴ്ചയൊ ഉണ്ടായതായി തോന്നിയില്ല.
ഏകാമ്പരന്‍ പിള്ളയുടെ സൂവോളജി കിതാബ് മറിച്ചുനോക്കിയത് പരീക്ഷക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളിലായിരുന്നു. രണ്ടാം ഭാഷ അറബി എടുത്തത് കൊണ്ട് വളരെ എളുപ്പം ജയിക്കാന്‍ കഴിഞ്ഞു.
M.Sc ക്ക് ലാബ് വര്‍ക്കും, സെല്‍ഫ് സ്ടടിയുമാണ് എന്നൊക്കെ corridor ലെ സംസാരത്തില്‍ നിന്നും കേള്‍ക്കാമായിരുന്നു. ആയുധമിള്ളാത്ത പടയാളിയെപ്പോലെ, സമുദ്രത്തില്‍ വീണുപോയ നീന്തലറിയാത്തവനെപ്പോലെ തോന്നി.
സെല്‍ഫ് സ്ടടിക്ക് വേണ്ട ഒരു ടൂളും കയ് വശമുണ്ടായിരുന്നില്ല. ദ്വീപുകാരനായത്കൊണ്ട് ബാക്കി ഒന്‍പത് പേരും അകമഴിഞ്ഞു സഹായിച്ചു, നോട്ടുകളും, റെക്കോഡും മററും തയ്യാറാക്കാന്‍.
ഇന്നിപ്പോള്‍ സ്വന്തം വിദ്യാത്ഥികള്‍ ഇത്തരം സൂത്രവേലകള്‍ പ്രയോഗിക്കുന്നത് കാണുമ്പോള്‍ കഠിനമായ ദ്വേഷ്യം വരാറുണ്ട്.
ഇനിയൊരു ആശ്രയമുള്ളത് ജനിച്ചത് മുതല്‍ പ്രവര്‍ത്തനങ്ങളെയും, ചിന്തകളെയും വരെ നിരന്തര മൂല്യനിര്‍ണ്ണയത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്ന പടച്ചതമ്പുരാന്റെ പരീക്ഷകള്‍ ജയിക്കാന്‍ കുറുക്കുവഴികള്‍ അന്വേഷിക്കുകയാണ്..